(സുധാകരൻ പി പുറയത്ത് എഡിറ്റ് ചെയ്തു കേരള ലളിത കല അക്കാദമി പ്രസിദ്ധീകരിച്ച പുതിയ പരിപ്രേക്ഷ്യങ്ങൾ എന്ന പുസ്തകളിലെ ഒരു അദ്ധ്യായം )
നവ മാധ്യമ കല
സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഇന്നത്തെ മനുഷ്യ സമൂഹങ്ങളുടെ ഉപഭോഗസംസ്കാരത്തിനിടയിൽ നവ മാധ്യമ കല എന്നൊരവതരണം ഉത്തരാധുനീകലോകത്തിന്റെ പ്രതിഭിംബമായി അവതരിച്ച ഒരു കലാശ്രേണിക്ക് എത്രത്തോളം ഇന്നനുപേക്ഷണീയമാണെന്ന ഒരു ചോദ്യത്തോടെ വേണ്ടിവരും നമുക്കിന്നു നവമാധ്യമ കലയെ സമീപിക്കാൻ. അതിനു ഒരുപക്ഷെ അത്യന്താപേക്ഷികമായൊരു കാര്യം ആദ്യം തന്നെ ഭാഷയെ സാമൂഹിക ബോധത്തിലൂന്നിയിരിക്കുന്ന അതിന്റെ ഘടന സ്വഭാവത്തിൽ നിന്നും മോചിപ്പിച്ചെടുക്കുക എന്നതായിരിക്കും. ഭാഷയ്ക്ക് സ്വായത്തമായൊരു ഘടന സ്വഭാവത്തോടെ ഘടന ഭാംഗങ്ങളെ സ്വാംശീകരിക്കുന്ന നവമാധ്യമ സൗന്ദര്യബോധത്തെ തിരിച്ചറിയാൻ ശ്രമിക്കുന്നത് സാമൂഹികബോധത്തിലൂടെയുള്ള നമ്മുടെ അരാജകവാദത്തിനെക്കുറിച്ചുള്ള തിരിച്ചറിവുപോലെയായിരിക്കും. വ്യക്തിബോധത്തിലുരുത്തിരിഞ്ഞു വരുന്ന അത്തരം സമൂഹിക അളവുകോലുകളിലൂടെയുള്ളൊരു മൂല്യനിർണയം നവമാധ്യമസൗന്ദര്യബോധത്തെ വെറും കേവല യാന്ത്രികതകളുടെ സാങ്കേതിക മികവായി അവതരിപ്പിക്കാനിടയാകുകയും അതുകൊണ്ടു തന്നെ അത് സമൂഹത്തിൽ മാത്രമല്ല കലാകാര സമൂഹങ്ങളിൽ തന്നെ പാർശ്വവൽക്കരിക്കാനിടവരുകയും ചെയ്യും. ഇത്രത്തിലൊരു പ്രവണത നമ്മുക്കിപ്പോൾ തന്നെ നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയുന്നുണ്ട് എന്നതും കേവലമായൊരു ഭാഷ പ്രശ്‌നത്തിനപ്പുറം നവമാധ്യമകല ഒരു മാധ്യമ സൗന്ദര്യബോധത്തിനപ്പുറത്തേക്കു കൂടി എന്നോ കടന്നിരിക്കുന്നു എന്നതും ഈ കലാശ്രേണിയെ നവമാധ്യമ കലാകാരന്മാർക്കിടയിൽ തന്നെ പ്രശ്നവൽക്കരിക്കുണ്ട് എന്നതും ഒരു കാര്യമായ വസ്തുതയാണ്. അതിനാൽ ഈ നവമാധ്യമത്തെ ക്കുറിച്ചുള്ള ഈ പ്രബന്ധം മൂന്ന് വ്യക്തമായ ഘടന വേർതിരിവോടെയാണ് എഴുതിയിരിക്കുന്നത്.
1. ഭാഷ ഘടനയും നവമാധ്യമ കലയും
2 നവമാധ്യമകലയിലെ സൗന്ദര്യ ബോധം
3 നവമാധ്യമ കലയുടെ ആധികാരികത
ഭാഷ ഘടനയും നവമാധ്യമ കലയും
മനുഷ്യ സമൂഹത്തിൽ കലയുടെ ചരിത്രം എന്നും ഭാഷയുടെ ചരിത്രം കൂടിയാണ്. ഒരു കാഴ്ചപ്പാടിന്റെ താത്വീക ബോധത്തിനപ്പുറം നിലപാടുകളുടെ അവതരണങ്ങൽക്കൂടിയായ ചരിത്രരചനകൾ കലയെ നമ്മുടെ സാമൂഹിക ജീവിതാനഭവങ്ങളിലെ കഥാതന്തുക്കളായി അവതരിപ്പിക്കുന്നതിനാൽ ലിഖിത ഭാഷ എന്നും ഭാഷയുടെ ഘടനാ സ്വഭാവങ്ങളെയും രീതിശാസ്ത്രങ്ങളെയും കലാബോധത്തിലെ അഭിഭാജ്യഘടകമായി മനുഷ്യസംസ്കാര ചരിത്രങ്ങളിലെല്ലായിടത്തും അടയാളപ്പെടുത്തുന്നുണ്ട്. മനുഷ്യസംസ്കാരങ്ങളിലേക്കുള്ള പുരാവസ്തു ഗവേഷണത്തിന്റെ അടിത്തറ തന്നെ ഭാഷാഘടനാ സന്പ്രദായങ്ങളിലൂടെ ദൃശ്യ സംസ്കാരങ്ങൾ വിവരിച്ചെടുക്കാനാകും എന്ന തിരിച്ചറിവാണ്. അറുപതുകളുടെ അവസാനത്തോടെ സത്യത്തിന്റെ അപ്രമാദിത്വദിത്വം തിരസ്കരിച്ചെത്തിയ ഉത്തരാധുനികതയുടെ സംഭാവനയായ കലയിലെ ഭൗതിക തന്മയത്വമെന്ന (മെറ്റീരിയലിറ്റി ഇൻ ആർട്ട് ) എന്ന സൈദ്ധാന്തിക നിഗമനങ്ങളും ഭാഷയുടെ ഈ ഒരവകാശവാദം അംഗീകരിച്ചോതോടെ, കലയിൽ ഒരു നവമാധ്യമ സംസ്കാരത്തിന് ശക്തമായ അടിത്തറയുണ്ടായി എന്ന് നാം കരുതേണ്ടിയിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന് ഈ പ്രക്രിയ ഗ്രീക്ക് സംസ്കാരത്തിൽ പ്ലേറ്റോയുടെ ഭൗതീകതയിലെ സത്വത്തിൽ നിന്നും ഭൗതീകതയുടെ തത്വത്തിലേക്കു അരിസ്റ്റോട്ടിൽ നടത്തിയ സത്യത്തിന്റെ പുനഃപ്രതിഷ്ഠയിലേക്കുള്ള ഒരു തിരിച്ചുപോക്കു കൂടിയായിരുന്നു . 1964ൽ കനേഡിയൻ മാധ്യമ ചിന്തകനായ മാർഷൽ മാക്ല്യൂആനിന്റെ "മാധ്യമവും ആത്യന്തിക സന്ദേശമാണ്" (1) എന്ന വിഖ്യാതമായ പ്രഖ്യാപനവും ഭൗതീക സംസ്കാരകാരത്തിൽ അത്തരത്തിലൊരു മൂല്യവ്യതിയാനത്തിനു സാധ്യത തെളിച്ചു എന്ന് കരുതുന്നതാണ്. അറുപതുകളിൽ പാശ്ചാത്യലോകത്തെ മാധ്യമചിന്തകളിൽ നിറഞ്ഞുനിന്നൊരു വ്യക്തിത്വമായിരുന്നു മാർഷൽ മാക്ല്യൂആൻ എന്ന് നാം ഇവിടെ ഓർക്കേണ്ടിയിരിക്കുന്നു.
ഈ ഒരു ഗതിമാറ്റം പാശ്ചാത്യ കലയിൽ മൂല്യബോധങ്ങൾക്കു മാത്രമായിരുന്നില്ല മാറ്റം വരുത്തിയത്. പ്രത്യക്ഷത്തിൽ തന്നെ അത് ഉത്തരാധുനിക കലക്ക് ആധുനീക കലയിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു ചരിത്രബോധവും, താത്വീക ബോധവുമുള്ള ഒരു വിചാരധാരക്കും ഭാഷ സംസ്കൃതിക്കും ജന്മം നൽകുക കൂടിയാണു ചെയ്തത്. ഇരുപതുകളിലെ എന്തിനാണ് കല എന്ന ദാദായിസത്തിൽ തുടങ്ങി എന്താണ് കല എന്ന ആശയ കലയിലൂടെ (conceptual art ) എങ്ങിനെയാകാം കല എന്നു പിന്നീട് വന്ന ഇസങ്ങളും ഒക്കെകൂടി നടത്തിയ ആധുനീക കലയുടെ ആത്യന്തീക സത്യാന്വേഷണ പരീക്ഷണങ്ങളിൽനിന്നും ഭൗതീകതയ മോചിപ്പിചാറ്റിലൂടെ, നവമാധ്യമ സംസ്കാരം മനുഷ്യജീവിതത്തിൽ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു വലിയ വിപ്ലവത്തിനാണ് വഴിയൊരുക്കിയത്.
ഭൗതീകതയിൽ ആത്യന്തീക സത്യമെന്നൊന്നില്ലാതായതോടെ മനുഷ്യ സമൂഹത്തിൽ ശാശ്വത മൂല്യങ്ങൾ (eternal value ) വ്യവഹാര മൂല്യങ്ങളായി (transactional value ) മാറ്റപെടുകയും മാധ്യമസംസ്കാരം ഉപഭോഗസംസ്കാരമായി അതിനോട് സമരസപ്പെടുകയും ചെയ്യുന്നതാണ് നാം പിന്നീട് കാണുന്നത്. ഉപഭോഗസംസ്കാരത്തിന്റെ പ്രതിരൂപമായ കന്പോള ഉൽപ്പന്നങ്ങൾ പോപ്പ് ആർട്ട് ആയി എഴുപതുകളിൽ ഉരുത്തിരിഞ്ഞുവന്നതും ഇതേ പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു. അമേരിക്കൻ പോപ്പ് കലാകാരനായ ആന്റീ വാറോളിന്റെ "ക്യാൻ ഓഫ് സൂപ്" എന്നും മറ്റുമുള്ള രചനകളുടെ സാമൂഹിക അംഗീകാരവും അതിനുത്തമോദാഹരണമാണ്. കൂടാതെ കലയുടെ രൂപഭംഗി രചനാരീതികളിലെ കരകൗശലങ്ങളിൽ നിന്നും അവനിർമിതികളിലേക്കു എത്തിപ്പെടുകയോ മോചന നേടുകയോ ചെയ്യുകയും, കന്പോളാ വ്യവസ്ഥകളിലേതു പോലെ കലാകാരൻ ആശയങ്ങളുടെയും ഉൽപ്പാദനകളുടെയും ഉടമയും കരകൗശലസമൂഹം അത്തരം ഒരു ഉൽപ്പാദന വ്യവസ്ഥയിലെ തൊഴിലാളികളാവുകയും ചെയ്തപ്പെട്ടു. കൂടാതെ ആശയ കലയിലെ "റെഡിമേഡ് " കല സമകാലിക കലയിലെ "റെഡി റ്റു ഓർഡർ" കലയായി രൂപാന്തരപ്പെടുകയും ആരാണ് കലയിലെ രചയിതാവ് എന്ന ദാർശനിക ചോദ്യങ്ങളിൽ നിന്നും കലാകാരൻ ആരാകണം എന്ന വളരെ വ്യക്തമായ നിർവചനകളും വ്യവസ്ഥാന്തരങ്ങളും കലയിൽ രൂപപ്പെട്ടു വരികയും ചെയ്തു. കല മാറുകയായിരുന്നു എന്നതോടൊപ്പം തന്നെ സൗന്ദര്യ ശാസ്ത്രവും അതിനൊരുക്കുട്ടംകൂട്ടിയ ഭാഷയും കൂടി അതോടൊപ്പം മാറുകയായിരുന്നു. ഗ്യാലറിയുടമയും ക്യൂറേറ്ററും വേർതിരിക്കപ്പെട്ടതും കലാകാരൻ രചയിതാവും സൃഷ്ടാതാവ് കല തൊഴിലാളി ആയതും ഈ വ്യവസ്ഥാന്തരങ്ങളിലെ വ്യക്തമായ ഭാഷ നിർവചങ്ങളിലൂടെയാണ്.
മനുഷ്യ ചരിത്രത്തിലെന്നും സാമൂഹീക ഘടനകളിലുടലെടുക്കുന്ന വ്യവസ്ഥാന്തരങ്ങളുടെ നിർവചങ്ങൾക്ക് വേണ്ടിയാണ് ഭാഷയുടെ ഘടന സ്വഭാവങ്ങൾക്കു രീതിമാറ്റവും സാമൂഹ്യവ്യവസ്ഥയിൽ ഭാഷക്ക് അപ്രമാദിത്വവും വന്നുചേരുന്നത്. പത്തൊന്പതും ഇരുപതും നൂറ്റാണ്ടിൽ പ്രാമാണ്യത്തിൽ വന്ന കാപിറ്റലിസ്റ്റും കമ്മ്യൂണിസ്റ്റും സോഷ്യലിസ്റ്റും ജനാധിപത്യവും പോലൂള്ള സാന്പത്തീകഘടനകളിലൂന്നിയ രാഷ്ട്രീയ സാമൂഹീക വ്യവസ്ഥകളെല്ലാംതന്നെ തനതു ഭാഷസന്പ്രദായങ്ങൾക്കും ഭാഷയിലെ സാങ്കേതിക പദങ്ങളുണ്ടാക്കുന്ന രീതിസന്പ്രദായങ്ങൾക്കും (nomanclature) പ്രത്യേകംഊന്നൽ നൽകാൻ ശ്രദ്ധിച്ചിരുന്ന കാര്യം നാമിവിടെ ഓർക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്വച്ഛന്ദ മാനവികതയുടെ (ലിബറൽ ഹ്യൂമനിസം) ഭാഗമായി ഉടലെടുത്ത ആധുനീക കലയുടെ ഭാഷാസ്വഭാവങ്ങളെ പറ്റി പിന്നെ പ്രത്യേകിച്ചിവിടെ പറയേണ്ടതില്ലലോ.
ഇരുപതുകളിൽ തുടങ്ങി അറുപതുകളിലേക്കെത്തുന്പോൾ ആധുനികതയിൽ നിന്നും ഉത്തരാധുനികതയിലെക്കുള്ള കലയുടെ പ്രയാണത്തിൽ കലയിലെ തിരിച്ചറിവുകൾ സ്വച്ഛന്ദ മാനവികതയുടെയും അതിന്റെ തിരസ്കരണത്തിന്റെയും മാത്രമല്ല രാഷ്ട്രീയ വായനയുടെയും, ലിംഗവായനയുടെയും, മാധ്യമ വായനയുടെയും, ഘടന വായനയുടെയും ഉത്തരാധുനിക വായനയുടെയും അതിശക്തമായ വേർതിരിവുകളുള്ള മൂല്യബോധങ്ങളായി തീരുകയും, കലയിൽ ഘടനാസ്വഭാവങ്ങളുള്ള ഭാഷാന്തരങ്ങളുടെ അപ്രമാദിത്വം സ്ഥാപനവൽക്കരിക്കപ്പെടുകയും കലാസ്വാദനം ആധുനീക കലയിയുടെ ദൃശ്യബോധങ്ങളിലദിഷ്ടിതമായ കാഴ്ചപ്പാടുകളിൽനിന്നും നിന്നും വ്യത്യസ്തമായി ആശയവിനിമയത്തിലൂന്നിയ എന്ത് വായിക്കുന്നു എന്നതിനേക്കാൾ എങ്ങിനെ വായിക്കുന്നു എന്ന ഉത്തരാധുനിക സങ്കല്പമായി മാറ്റപ്പെടുകയും ചെയ്തു. മലയാളത്തിൽ വ്യക്തമായൊരു പദാനുപദമില്ലാത്ത ക്യൂറേറ്റർ എന്ന കലയിലിന്നനിവാര്യമായ ആംഗലേയ സങ്കല്പത്തിന്റെ അസ്തിത്വം തന്നെ ഈ ഭാഷ വ്യവസ്ഥയുടേതാണ്.
എന്ത് കാണുന്നു എന്നതിൽ നിന്നും എങ്ങിനെ കാണുന്നു അല്ലെങ്കിൽ വായിക്കുന്നു എന്ന ഈ കാഴ്ച്ചയിലെ ഭാഷ പരിണാമം കലയെ ഭൗതിക തന്മയത്വത്തിൽ (മെറ്റീരിയലിറ്റി ഓഫ് ആർട്ട് ) നിന്നും മാധ്യമ തന്മയത്വത്തിലേക്കു (മീഡിയറ്റിവ് മെറ്റീരിയലിസം) മാറ്റുന്നതിലേക്കു കാര്യങ്ങൾ എത്തിച്ചു. എങ്ങിനെ എന്നത് ഒരു കല മാധ്യമ സൗന്ദര്യമായി പുനരെഴുതപ്പെട്ടതോടെ നവമാധ്യമ കല ആധുനീക കലയിൽ നിന്നും വ്യത്യസ്തമായ സൗന്ദര്യ സങ്കല്പങ്ങളോടെയും തനത് ഭാഷ രീതി ഘടനകളോടെയും പ്രത്യക്ഷ സമൂഹത്തിൽ ശക്തമായ അടിത്തറ നേടിയെടുക്കുകയാണ് ഉണ്ടായിരിക്കുന്നത്. പരീക്ഷണ ചിത്രങ്ങളിൽ തുടങ്ങി വിർച്യുൽ റിയാലിറ്റിയിലും ഗെയിം ഡിസൈനിങ്ങിൽ തുടങ്ങി ബയോ ടെക്നോളജിയിലും, ഡിജിറ്റൽ ആര്ട്ട്ടിൽ തുടങ്ങി സൈബോർജ് ആർട്ടുവരെയും എത്തിനിൽക്കുന്ന നവമാധ്യമ കലയെ കഴിഞ്ഞ നൂറ്റാണ്ടിന്റെ സൗന്ദര്യബോധത്തോടെയോ ഭാഷാസങ്കപങ്ങളോടെയോ നമുക്കൊരിക്കലും സമീപിക്കാനാകില്ല. അതിനു തികച്ചും വിപ്ലവാത്മകമായ ഒരു ഭാഷാബോധവും സൗന്ദര്യ ബോധവും അനിവാര്യമാണ്. അത് നവമാധ്യമ കലയുടെ അവകാശവുമാണ്.
എന്താണ് അല്ലെങ്കിൽ എന്തായിരിക്കണം ഈ പുതിയ ഭാഷ എന്നതിന് വ്യ്കതമായൊരുത്തരം നൽകാൻ നമുക്കിന്നു കഴിയില്ലെങ്കിലും, അടിസ്ഥാന ഘടകങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ നമുക്കിന്നു തിരിച്ചറിയാവുന്നതേയുള്ളൂ. ദാര്ശനികത ജിജ്ഞാസക്കും, വിശ്വാസങ്ങൾ സാഹസീകതക്കും, നൈതീകതയും സാന്പ്രദായികതയും പരീക്ഷണങ്ങൾക്കും , സാമൂഹിക ബാധ്യതകൾ വിനോദങ്ങൾക്കും നവമാധ്യമ കലകളിൽ ഇന്ന് വഴിമാറിക്കൊടുത്തിരിക്കുകയാണ്. ഈ വഴിമാറിക്കൊടുക്കലുകൾ സാമൂഹിക ബോധമില്ലാത്ത ഒരു ജനതയ്ക്ക് ജന്മം നൽകി എന്നതിനർത്ഥമില്ല. സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരണമുള്ള ഇന്നത്തെ സമൂഹത്തിൽ ഒരു പക്ഷെ മറ്റൊരു കാലഘട്ടത്തിലും മനുഷ്യസമൂഹത്തിലില്ലാതിരുന്ന രാഷ്ട്രീയ- സാമൂഹീക ബോധമുള്ള ഒരു ജനതയാണ് നമുക്ക് ചുറ്റും ഇന്നുള്ളത്. പക്ഷെ ആത്യന്തീക സത്യമെന്നൊന്നില്ലാത്ത ഉത്തരാധുനികതയിലെ ജനത ദാർശനിക ബോധത്തെ ജിജ്ഞാസയുമായി കൈമാറിയപ്പോൾ അവരുടെ അഭിപ്രായങ്ങളും വിശ്വാസങ്ങളും സാമൂഹിക നൈതീകതയെക്കാൾ വ്യക്തി താല്പര്യങ്ങളുടെ നീക്കുപോക്കുകളായി മാത്രമേ രാഷ്ട്രീയ- സാമൂഹീക ബോധത്തെ ഇന്ന് കാണുന്നുള്ളൂ. അവരുടെ സൗന്ദര്യബോധത്തിനതുകൊണ്ടു തന്നെ ഗെയിമിളെയും , വിർച്യുൽ റീലിറ്റിയിലേയും , ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെയും സൈബോർഗിലെയും മാധ്യമ സാധ്യതകളും അവയിലെ കൗതുകങ്ങളും അവയുടെ സാധ്യതകളും ആധുനീക കലയിലുണ്ടായിരുന്ന സൈദ്ധാന്തീക ദാര്ശനികതകളേക്കാൾ ഇന്ന് അഭിമുഖ്യമാണ്. ഈ നിരാകരണ പ്രക്രിയയുടെ ഭാഗം മാത്രമാണ് മനുഷ്യ കേന്ദ്രീകൃതമായ ആധുനികതയിൽ നിന്നും വ്യത്യസ്തമായ മനുഷ്യനുമുപരിയായ മാനവിക വീക്ഷണങ്ങളുടെ കാലാവസ്ഥ വ്യതിയാനങ്ങൾ പോലുള്ള ആകാംക്ഷകൾ നിറഞ്ഞ ഉത്തരാധുനികതയുടെ നാശോന്മുഖ നാരാധിപത്യം (anthropocene) നവമാധ്യ്മകളകളിലെ ഒരു പ്രധാന സൈന്താന്തീക ശാഖയായി വളർന്നുവരുന്നതും.
സംക്ഷിപ്തമായി പറയുകയാണെങ്കിൽ ഉത്തരാധുനികതക്കുമപ്പുറത്തേക്കു ഇന്ന് വളർന്നു നിൽക്കുന്ന നവമാധ്യമ കലയെ പഴയകാല ഭാഷ സംസ്കാര അളവുകോലുകൾക്കുള്ളിലെ സൗന്ദര്യബോധത്തോടെയോ അല്ലെങ്കിൽ ശാസ്ത്രത്തോടെയോ സമീപിക്കുന്നത് അർത്ഥശൂന്യമായിരിക്കും. എന്നാൽ എങ്ങിനെ സമീപിക്കണം എന്നുചോദിച്ചാൽ കലാചരിത്രബോധത്തിലൂന്നിക്കൊണ്ടുള്ള മുൻവിധികൾ മാറ്റിവച്ചു സമീപിക്കണം എന്നതിനപ്പുറത്തേക്കു പറയാൻ നമുക്കിന്നു കഴിയില്ല എന്നതും ഇവിടെ ഓർമിപ്പിച്ചു കൊള്ളട്ടെ. നവമാധ്യമത്തിന്റെ ഭാഷ രീതികൾ ആശയ വിനിമയ ചെയ്തികൾ ഉയർന്നു വരാനിരിക്കുന്നതെയുള്ളൂ.
നവമാധ്യമകലയിലെ സൗന്ദര്യ ബോധം
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയോടെ നിലവിൽ വന്ന ദഗുരേയോടൈപ്പ് എന്ന ആദ്യകാല ഫോട്ടോഗ്രാഫിയിൽ തുടങ്ങുന്നതാണ് യാന്ത്രികത നൽകുന്ന നവമാധ്യമ സാധ്യതകളിലെ മനുഷ്യന്റെ പിന്നീടൊരിക്കലും നിലച്ചിട്ടില്ലാത്ത ജിജ്ഞാസയും സഹവർത്തിത്വവും. മോണ്ട്രിയൽ മ്യൂസിയം ഓഫ് മോഡർ ആർട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫ്രഞ്ച് രസതന്ത്രജ്ഞനും ആർട്ടിസ്റ്റുമായ ലൂയിസ് ദഗുരേ കണ്ടുപിടിച്ച ദഗുരേയോടൈപ്പിൽ 1 8 5 6 ചെയ്ത എലിസിബത് ഷെൽഡൺ ലേമാനും രണ്ടു പെൺമക്കളും എന്ന ചിത്രം ആ തുടക്കത്തിന്റെ സാക്ഷ്യപത്രമാണ്.
എലിസിബത് ഷെൽഡൺ ലേമാനും രണ്ടു പെൺമക്കളും
ദഗുരേയോടൈപ്പ്
1 8 5 6,മോണ്ട്രിയൽ മ്യൂസിയം ഓഫ് മോഡർ ആർട്ട്
അതെ കാലഘട്ടത്തിൽ തന്നെ സെർബിയൻ ശാസ്ത്രജ്ഞനായ നിക്കോളാസ് ടെസ്ല കണ്ടുപിടിച്ച ഇൻഡക്ഷൻ കോയിൽ റേഡിയോ എന്ന നൂതന മാധ്യമത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുകയും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്തോടെ അതൊരു വലിയൊരു ബഹുജന മാധ്യമമായി വളർന്നു വരികയും കൂടി ചെയ്തപ്പോൾ, മനുഷ്യ സമൂഹം അന്ന് വരെ കണ്ടിട്ടില്ലാത്ത കാഴ്ച്ചയുടെ ഒരു നൂതന ദൃശ്യ സംസ്കാരത്തിലേക്കും കേൾവിയുടെ ഒരു പുത്തൻ അനുഭവത്തിലേക്കും കാലെടുത്തു വെക്കുകയായിരുന്നു. അത്തരം ദൃശ്യ ശ്രവണ മാധ്യമ സങ്കല്പങ്ങൾക്കപ്പുറത്തു ഉത്പന്നങ്ങളുടെ ഒരു സൗന്ദര്യബോധത്തിലൂനിയ ഡിസൈൻ സങ്കല്പങ്ങൾക്കും അവ ജന്മം നൽകി. ഇരുപതാം നൂറ്റഡിന്റെ ആദ്യ കാലങ്ങളിൽ ജീവിച്ച ജാപ്പനീസ് അമേരിക്കൽ ആർട്ടിസ്റ്റായ ഇസാമു നോഗുച്ചിയുടെ റേഡിയോ നേഴ്സ് അത്തരം ഒരു സംഭവ വികാശങ്ങളുടെ നേർകാഴ്ചയാണ്.
റേഡിയോ
ഇസാമു നോഗുച്ചി
1 8 3 7,മോണ്ട്രിയൽ മ്യൂസിയം ഓഫ് മോഡർ ആർട്ട്
ദൃശ്യ മാധ്യമ രംഗത്തു തുടർന്നു വന്ന സംഭവവികാസമായ ചലച്ചിത്രം ഫോട്ടോഗ്രഫിയെയും റേഡിയോവിനെയും മറികടന്നു സമൂഹത്തിൽ വിപ്ലവാത്മക മാറ്റങ്ങൾ കൊണ്ട് വന്നപ്പോൾ കലാകാരന്മാർ ഒരു മാധ്യമത്തെ ഇത്രയധികം വാരിപ്പുണർന്ന ഒരവസരം അതിനു മുൻപ് കലാ ചരിത്രത്തിലുണ്ടായിരുന്നില്ല. റെനേ ക്ലെയറിന്റെ ദാദഇസം കലാകാരന്മാരോട് കൂടിച്ചേർന്നു നിർമിച്ച പരീക്ഷണ ചിത്രമായ 'ഇന്ററാക്‌ട്ടെ' എന്ന 1 9 2 4 നിർമിച്ച ചലച്ചിത്രം ഇതിനൊരുത്തമോദാഹരണമാണ്. അവങ്കർഡ് കലാശ്രേണിയിൽ കരുതപ്പെടുന്ന ഈ ചിത്രം ഇന്സ്റ്റാൻഡാനിയനിസം എന്ന ഒരവതരണ രീതിയിലൂടെയാണ് നിർമിച്ചിരുന്നത്. ഈ ചിത്രത്തിനുശേഷം അന്നത്തെ ഒരു നവമാധ്യമമെന്ന രീതിയിൽ പരീക്ഷണ. ചിത്രങ്ങൾ (experimental ഫിലിംസ്) കലാരംഗത്തെ ഒരതിശക്തമായ പ്രസ്ഥാനമായി മാറുകയാണുണ്ടായത്.
'ഇന്ററാക്‌ട്ടെ" 1924
ഇന്ത്യയിൽ 2013 ഷാഹി ഹെർദിയ എന്ന സിനിമ കലാകാരി എക്സ്പിരിമെന്റാ എന്ന ഫിലിം ഫെസ്റ്റിവൽ ഇത്തരം പരീക്ഷണ ചലച്ചിത്രങ്ങൾക്കു വേണ്ടിയായി തുടങ്ങിയിട്ടുണ്ട്.
ഷാഹി ഹെർദിയ
ചലച്ചിത്രത്തിന്റെ ആവിർഭാവത്തിനു ശേഷം വന്ന ടെലിവിഷനും , വീഡിയോ, ഓഡിയോ ടേപ്പുകളും ചലച്ചിത്രത്തേക്കാൾ വലിയാ സാമൂഹീക മാറ്റമാണ് ലോകത്തിൽ വരുത്തിയത്. മാധ്യമ സംസ്കാരം മനുഷ്യ സ്വകാര്യതകളിലേക്കും വീടിന്റെ അകത്തളങ്ങളിലേക്കും ഇടിച്ചു കയറുകയും അതുവരെ നിലനിന്നിരുന്ന കുടുന്പ ഘടനകളെയും രീതിവ്യവസ്ഥകളെയും മുഴുവനായും പിടിച്ചുലക്കാൻ കാരണമായി. ഈ നവമാധ്യമങ്ങളെ കലാകാരന്മാർ ആ മാധ്യമത്തിന്റെ എല്ലാ തലങ്ങളിലേക്കും വളർത്തിയെടുത്തു. ഈ രംഗത്തെ അതികായകനായി അറിയപ്പെടുന്ന നാം ജൂൺ പൈക് എന്ന കൊറിയൻ അമേരിക്കാൻ കലാകാരൻ അറുപതുകളിൽ തന്നെ ഈ മാധ്യമ കലക്ക് ഒരു പുതിയ മാനം നൽകിയിരുന്നു'
സുദർശൻ ഷെട്ടിയും, തുക്രാൾ തഗ്‌റ, രൺബീർ കാലേക, മീര ദയാൽ എന്നി ഇന്ത്യൻ കലാകാരന്മാർ ഈ രംഗത്ത് ഇന്നും സംഭാവന നല്കികൊണ്ടിരിക്കുന്നവരാണ്
ക്രോസ്സ് ഓവർ - രൺബീർ കലേക്ക
ചലച്ചിത്ര മാധ്യമത്തിനും വിഡിയോവിനും ശേഷം അതിനു പിന്തുടർച്ചയായി വന്ന ഇന്റർനെറ്റ് പക്ഷെ ഇതിൽ നിന്നെല്ലാം എത്രയോ വ്യത്യസ്തമായി മനുഷ്യ ധാരണാ ശക്തികൾക്കപ്പുറത്തുള്ള നിലകളിലേക്കാണ് പിന്നീട് കാര്യങ്ങളെ മാറ്റിയത്. ഇന്റർനെറ്റ് വരുന്നത്തിനും എത്രയോ മുന്നേ തന്നെ സമൂഹംഎന്നാൽ നവമാധ്യമ കലയോടും അതിന്റെ സൗന്ദര്യബോധങ്ങളോടും ഒട്ടേറെ ബഹുമാനത്തോടെയായിരുന്നു സമീപിച്ചിരുന്നത്. ടെക്‌നോളജി ഉണർത്തുന്ന കൗതുകവും അത് സമൂഹത്തിലുണ്ടാക്കുന്ന അനിതരസാധാരണമായ ബഹുമാനവും ഒരു പരിധിവരെ നവമാധ്യമ കലകളോടുള്ള മൃദുസമീപനത്തിനു കരണമായിരിക്കണം . 1970 ൽ ഓസ്ട്രിയയിലും സ്പെഷ്യൽ ഇന്റർനെറ്റ് ഗ്രൂപ്പ് ഓൺ കംപ്യൂട്ടർഗ്രാഫിക്സ് ആൻഡ് ഇന്ററാക്ടിവ് ടെക്നീക്‌സ് SIGGRAPH (Special Interest Group on Computer Graphics and Interactive Techniques) എന്ന പേരിൽ അമേരിക്കയിലും ആർസ് ഇലെക്ട്രോണിക്ക എന്ന ടെക്നോളജി കലാകാരന്മാരുടെ കൂട്ടായ്മ കംപ്യൂറിന്റെയും ഇന്റർനെറ്റ് ടെക്നോളോജിയുടെയും സാധ്യതകൾ ഉപയോഗപ്പടുത്തികൊണ്ടുള്ള കല ശാഖക്ക് ലോകത്തേറ്റവും വലിയ അംഗീകാരം നേടിക്കൊടുത്തു. ഒരു വശത്തു ഇതൊക്കെ നടക്കുന്പോൾ തന്നെ യന്ത്രികതയുയർത്തുന്ന പല മാനവിക പ്രശ്നങ്ങളും മനുഷ്യസമൂഹത്തെ എന്നും ചോദ്യം ചെയ്യപ്പെട്ടിരുന്നതിനാൽ ഈ നവമാധ്യമ സാധ്യതകളും അവയുടെ മാനവിക ബോധത്തെ വിനാശോന്മുഖമാക്കാനുമുള്ള
അർസ് ഇലെക്ട്രോണിക്ക വെബ് പേജിൽ നിന്നും ഒരു ദൃശ്യം
തുടർന്നുവന്ന കാലഘട്ടത്തിൽ ഒരു മാധ്യമമെന്ന നിലയിൽ ടെക്നോളജിയും ഇന്റർനെറ്റും ഉയർത്തിക്കൊണ്ടുവന്ന വൻസാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ലോകത്തിലെ പല വലിയ യൂണിവേഴ്സിറ്റികലും ന്യൂ മീഡിയ കോഴ്സുകളും ലാബുകളും തുറക്കുകയും നവമാധ്യമ കലകളെ മുഖ്യധാരാ കലാശാഖയായി ഉയർത്തിക്കൊണ്ടു വരികയും ചെയ്തു. ലോകത്തിലെ എല്ലാ കലാ മ്യൂസിയമുകളിലും, ബിയനാലെ, ട്രിയനാലെ പോലുള്ള കലോത്സവങ്ങളിലും നവമാധ്യമ കല ഇന്നൊരു അനിവാര്യ ഘടകമാണ്.
നവമാധ്യമ കലയുടെ ആധികാരികത
നവ മാധ്യമ കല ആധുനീക കലയിലെ ഇസങ്ങളിൽ നിന്നും ഇസങ്ങളിലേക്കുള്ള പ്രയാണം പോലെ ഒരു തുടർക്കാഴ്ചയായിരുന്നില്ല. അതിന്റെ ആഗമനത്തെ നിർവ്വചിക്കാമെങ്കിൽ ഒരുജ്യോതിശ്ശാസ്ത്രത്തിലെ ബിഗ് ബാംഗ് വിസ്പോടനത്തോട് മാത്രമേ ഉപമിക്കാനാകു.
റോയ് അസ്‌കോട്ടെന്ന നവമാധ്യമകലയിലെ സൈബർനെറ്റിക്‌സിലും ടെലിമാറ്റിക്‌സിലും "ടെക്നോറ്റിക്സ്" എന്ന നൂതന ആശയത്തിലൂടെ മനുഷ്യ മനസ്സിന്റെ അന്തസത്തകളിലുള്ള ടെക്നോളജിയുടെ ആഘാതങ്ങളെ കലരീതിയാക്കിയ അതികായകനിൽ തുടങ്ങി ഡിജിറ്റൽ ആര്ട്ട്, കമ്പ്യൂട്ടർ ഗ്രാഫിക്സ്, കമ്പ്യൂട്ടർ വിഎഫ് എക്സ് , വിർച്ച്വൽ ആര്ട്ട്, ഇന്ററാക്ടിവ് ആര്ട്ട്,സൗണ്ട് ആര്ട്ട്, വീഡിയോ ഗെയിംസ്, കമ്പ്യൂട്ടർ റോബോട്ടിക്, ഡി പ്രിന്റിങ്, സൈബോർഗ് ആര്ട്ട്, ബയോ ഡിസൈൻ, ബയോ ഇലക്ട്രോണിക്സ് , സിന്തറ്റിക് ബിയോളജി, ജിൻേററ്റീവ് ആര്ട്ട് , സൂപ്പർമാറ്റിസം എന്നീ ഒരിക്കലും അവസാനിക്കില്ല എന്നുതോന്നിപ്പിക്കുന്ന നീണ്ട നിരയുള്ള കലാശാഖകളിലേക്കു വളർന്നു നിൽക്കുന്ന നവമാധ്യമ കല ഇന്ന് ഉത്തരാധുനിക കലാ സങ്കല്പങ്ങൾക്കും കൂടി എത്രയോ ദൂരമെത്തി നിൽക്കുകയാണ്.
റോയ് അസ്‌കോട്ട്
എഡ്വാർഡോ കേക്കിന്റെ ജനിസിസ് എന്ന അർസ് ഇലെക്ട്രോണിക്കയിൽ പ്രദർശിപ്പിച്ച ട്രാൻസ്‌ജോണിക് കാലകൃതി. ഇതിൽ പ്രകൃതിയിലില്ലാത്ത ജീൻ കൃത്രിമമായി നിർമ്മിച്ചു അതു പ്രകൃതിയിൽ വരുത്തുന്ന പരിണാമങ്ങൾ ആണ് കല. ബംഗളുരുവിൽ
ഉള്ള സൃഷ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആര്ട്ട് ഡിസൈൻ ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിലെ വിഖ്യാത കലാകാരനായ യഷസ് ഷെട്ടി എന്ന ന്യൂ മീഡിയ കലാകാരൻ തന്റെ ആര്ട്ട് ആൻഡ് സയൻസ് ബെംഗളൂരു എന്ന ലാബിലുടെ നടത്തുന്നതും ഇത്തരത്തിലുള്ള കലാപ്രവർത്തനങ്ങളാണ് . അദ്ദേഹത്തിന്റെ ലാബിൽ അൽഗോരിതമിക് മ്യൂസിക്, റോബോട്ടിക്, ബയോ ഡിസൈൻ തുടങ്ങിയ അനേകം ശാഖകളിൽ കലാ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . ബയോ-പോളറൈസേഷൻ എന്ന ബാക്റ്റീയ ഉപയോഗിച്ച് വെളിച്ചത്തെ പൊളാറൈസ് ചെയ്യുന്ന പരീക്ഷണങ്ങൾ ഇന്നും നടന്നു കൊണ്ടിരിക്കുകയാണ്
യഷസ് ഷെട്ടി (വലതുവശം)
ആര്ട്ട് ആൻഡ് സയൻസ് ഗാലറി കലാകാരൻമാർ
ഗണിതശാസ്ത്രത്തിലും നവമാധ്യമ കല അതിന്റെ ശക്തമായ സാന്നിധ്യം ഇന്നറിയിക്കുന്നുണ്ട് . മണ്ഡൽ ബ്രോട്ട് സെറ്റെന്ന ഗണിത ശാസ്ത്ര വാക്യത്തിന്റെ കലാപരമായ ദൃശ്യവൽക്കരണം ഇതിനൊരുത്തമോദാഹരണമാണ് .ഫ്രാക്റ്റൽ ശാഖയിലുള്ള ഈ ദൃശ്യവൽക്കരണത്തിൽ എത്ര സൂക്ഷ്മമായിപ്പോലെയാലും എത്ര അകന്നുനിന്നാലും ഒരേ രൂപം കാണുന്നു എന്ന പ്രത്യേകതയുള്ള ഈ കലാസൃഷ്ടി ഗണിത ശാസ്ത്രത്തിൽ കലക്ക് ഒരു വലിയ സാധ്യതയാണ് തുറന്നു കൊടുത്ത്. ഇന്ന് സേൺ പോലെയുള്ള കണികാ ശാസ്ത്രവിഭാഗത്തിലെ പരമോന്നത ലബോറട്ടറിയിൽ പ്രവർത്തിക്കുന്ന കലാകാരന്മാർ ഒട്ടനവതിയാണ്.
മണ്ഡൽ ബ്രോട്ട് സെറ്റെന്ന ഗണിത ശാസ്ത്ര വാക്യത്തിന്റെ കലാപരമായ ദൃശ്യവൽക്കരണം
ഇത്തരം മാധ്യമ ശാഖകൾക്കപ്പുറത്ത് തിരിച്ചറിയൽ/ താദാത്മ്യം (ഐഡന്റിറ്റി ), സ്വാധീനം നേടൽ
( അപ്പ്രോപ്രിയേഷൻ), സ്വതന്ത്ര സോഫ്റ്റ്‌വെയർ (ഓപ്പൻ സൗർസിങ് ) , പരിതഃസ്ഥിതവിജ്ഞാനം, ഹാക്കിങ് , സാമ്രാജ്യത്വ വിരുദ്ധത, പ്രാന്തവൽക്കരം തുടങ്ങിയ സമീപനങ്ങൾ കൂടി നവമാധ്യമ കലകൾ അവയുടെ രംഗഭേരി ശക്തമായി മുഴക്കികഴിഞ്ഞിട്ടുണ്ട് .
ഇന്ത്യയിൽ യഷസ് ഷെട്ടിയെപ്പോലുള്ള അതികായകന്മാരെ മാറ്റി നിർത്തിയാൽ ഡൽഹിയിലെ റെക്സ് മീഡിയ കോളേക്റ്റീവ് എന്ന കലാ കൂട്ടുകെട്ടാണ് ഈ രംഗത്തെ ഒരു മറ്റൊരു പ്രധാന സാന്നിധ്യം. ജിബീഷ് ബാഗച്ചി മോണിക്ക നിരുല ശുദ്ധബ്രത സെൻഗുപ്‌ത എന്നെ മാധ്യമ കലാകാരന്മാർ ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന നവമാധ്യമ കലാകാരന്മാരാണ്.
ഇത്രയധികം കാര്യങ്ങൾ ഇത്രയും ചെറിയ കാലഘട്ടത്തിനുള്ളിൽ നവമാധ്യമ കലക്ക് നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും ഒരു മാധ്യമ സാദ്ധ്യതക്കു അപ്പുറത്തേക്ക് പലപ്പോഴും ഈ കലാപ്രവർത്തനങ്ങൾ പലപ്പോഴും വളർന്നു വരുന്നില്ല എന്നൊരു പൊതുവായ ഒരപഖ്യാതി നവമാധ്യമകലകളെക്കുറിച്ചു വ്യവസ്ഥാപിത ബൗധീക വ്യവഹാരങ്ങളിൽ കണ്ടുവരുന്നുണ്ട്. അത് പഴയ സൈദ്ധാന്തീക വ്യസ്ഥകളുടെ സ്ഥാപിത താല്പര്യങ്ങളാണ് എന്ന് തിരിച്ചു നവമാധ്യമ കലാകാരന്മാരും ആക്ഷേപിക്കുണ്ട്. സത്യം യഥാർത്ഥത്തിൽ ഇവക്കു രണ്ടിനും ഇടയിലാണ് എന്നതാണ് യാഥാർഥ്യം. നവമാധ്യമ കലയുടെ പ്രവർത്തന മേഖല ഇന്ന് കാര്യമായി മാധ്യമ സാധ്യതകൾ, സയൻസിന്റെയും ടെക്നൊളജിയുടേയു സാധ്യതകൾ, രാഷ്ട്രീയ പാരിസ്ഥിതി സാമൂഹീക ബോധമണ്ഡലം എന്നെ ശ്രേണികളിലാണ് ക്രോഡീകരിച്ചിരിക്കുന്നതു. അതിനാൽ തന്നെ പലപ്പോഴും വ്യവസ്ഥാപിത കലകളിലെ സൗന്ദര്യ ശാസ്ത്രങ്ങക്കപ്പുറത്ത് ഇത്തരം മേഖലകളുടെ തനതു സാങ്കേതികതകളുടെ സങ്കീർണതകൾ മാത്രമായി ഈ കലാശാഖക്ക് അവതരിക്കേണ്ടതുണ്ട്. അതിലെ കലാഭാവന കല സംസ്കാരത്തിനിതുവരെ പരിചയമുള്ള ദാർശനികമോ രാഷ്ട്രയീയമോ സാംസ്കാരികമോ ആയ തലങ്ങളില്ലാത്ത കേവല സാങ്കേതകളുടെയോ മാധ്യമങ്ങളുടെയോ ബഹിഷ്‍സ്പുരണങ്ങൾ മാത്രമായിരിക്കും. ചിലപ്പോൾ അതിന്റെ കലാബോധം വിഷയങ്ങളുടെ സാങ്കേതികത്വം മാത്രമായിരിക്കുകയും മനസ്സിന്റെ സൗന്ദര്യ ബോധത്തെക്കാൾ ബുദ്ധിയുടെ ധാരണബോധത്തെ ഉദ്ദീപിക്കുന്നവ മാത്രമായിരിക്കും. അതിൽ ഇതുവരെ നില നിന്നും പോരുന്ന നീതിബോധങ്ങളോ ന്യായവ്യവസ്ഥകളോ സൗന്ദര്യ സങ്കല്പങ്ങളോ മതിയായി എന്ന് വരില്ല. ബ്രസീലിയൻ കലാകാരനായ എഡ്വാർഡോ കാക്കിന്റെ ട്രാൻസ്ജെനിക് ബണ്ണി എന്ന ജനിതക മാറ്റം വരുത്തിയ മുയൽ അത്തരമൊരു ഭാവനക്ക് ഉത്തമോദാഹരണമാണ്. ട്രാൻസ്റ്റിലാറ്റിക് കടലിൽ കണ്ടുവരുന്ന വെളിച്ചത്തിൽ തിളങ്ങുന്ന ജെല്ലി മത്സ്യത്തിന്റെ ജീൻ പിറവിക്കു മുൻപ് തന്നെ മുയലിൽ കുത്തിവെച്ചു ജനിതകമാറ്റം വരുത്തി വെളിച്ചം തട്ടിയാൽ പച്ചനിറത്തിൽ തിളങ്ങുന്ന വളരെ വിഖ്യാതമായ ഒരു കല സൃഷ്ടിയാണ് അൽബ എന്ന ട്രാൻസ്ജെനിക് ബണ്ണി. ഇതൊരിക്കലും വ്യവസ്ഥാപിത കല സങ്കല്പങ്ങൾക്കോ നിലവിലുള്ള നീതിന്യായ വ്യവസ്ഥകൾക്കോ ഒരു കല സൃഷ്ടിയായി അംഗീകരിക്കാനാകും എന്ന് കരുതാൻ പറ്റില്ല എന്ന സ്ഥിതി ഒരുവശത്തിരിക്കെ ഇത്തരത്തിലുള്ള പരീക്ഷണങ്ങളിലും അവയുടെ കൗതുകങ്ങളിലും മാത്രം ഒതുക്കി യാതൊരു ദാര്ശനിക, സൈദ്ധാന്തീക ബോധവും മുന്നോട്ടു വെക്കാതെ നവമാധ്യമ കലകളായി ഉടലെടുക്കുന്ന സൃഷ്ടികൾ മറുവശത്തും ഒരേ പ്രശ്നവൽക്കരണമാണ് നവമാധ്യമ കലയിൽ ഇന്ന് നടത്തുന്നത്. ഇതുകൊണ്ടായിരുന്നു ഈ പ്രബന്ധത്തിന്റെ തുടക്കത്തിൽ തന്നെ നവമാധ്യമ കാളകളെ അറിയാൻ ഭാഷാന്തരത്തിന്റെ ആവശ്യകതയിൽ പ്രധാനമായും ഊന്നൽ നൽകേണ്ടിവന്നത് . മാത്രമല്ല മിന്നൽവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെക്നോളോജിയുടെയും സോഫ്റ്റ്‌വെയർ മേഖലകളിലും മറ്റും പ്രവർത്തിക്കുന്ന ഈ ശാഖയിലെ പ്രധാന കലാസൃഷ്ടികളെല്ലാം തന്നെ വളരെ ശുഷ്കമായ ജീവിത ചക്രത്തിലൊതുങ്ങുന്നവയാണ്. അതുകൊണ്ടു തന്നെ കാലഘട്ടങ്ങളിലൂടെ പുനരാവൃതിനേടുന്ന ഒരു സാംസകാരിക കൃതിയാനു കല എന്ന സുന്ദരയ്യ ശാസ്ത്ര സങ്കല്പവും ഈ കലാശാഖയിൽ നിരാകരിക്കപ്പെടുകയാണ്.
പക്ഷെ വ്യവസ്ഥാപിത സമൂഹീക സാംസ്കാരിക ബോധങ്ങൾക്കപ്പുറത്തു ഒരു വലിയ പുത്തൻ ജനത അവരുടെ മാറിയകലാ ബോധവുമായി ലോകത്തെല്ലായിടത്തും ഉയർന്നുവന്നുകഴിഞ്ഞു. കാലഘട്ടങ്ങട്ടങ്ങളുടെ തേയ്മാനങ്ങൾക്കു മാനവീകതയിൽനിന്നും ചിത്രരചനകളെയും ശില്പരചനകളെയും കരകൗശലങ്ങളെയും പതിനായിരക്കണക്കിന് വർഷങ്ങളായിട്ടും മാറ്റിയടർത്താൻ കഴിഞ്ഞില്ലെങ്കിൽ കൂടി നവമാധ്യമ കല നവമാധ്യമമെന്ന പദാനുബന്ധമില്ലാതെ ഈ നൂറ്റാണ്ടിന്റെ കലയായി മാറുമെന്ന കാര്യത്തിൽ നമുക്കൊരു സംശയവും ഉണ്ടാകേണ്ടതില്ല. അവക്കായി നാമ്മുടെ കലാസാംസ്കാരിക ബോധവും ഭാഷയും മാറിയേ തീരു.
അൽബ- ട്രാൻസ്‌ജോണിക് ബണ്ണി
1. ദി മീഡിയംഈസ്ദി മെസ്സേജ് , അണ്ടർസ്റ്റാന്ഡിങ് മീഡിയ : ദി എക്സ്റ്റൻഷൻ ഓഫ് മാൻ, മാർഷൽ മാക്ല്യൂആൻ
.
No comments:
Post a Comment