(ഇതിലെ ഞാൻ പൂർണമായും ചിത്രം വരക്കാനും ശില്പങ്ങൾ ഉണ്ടാക്കാനും മറ്റുള്ളവരുടെ കല ആസ്വദിക്കാനും കഴിവുള്ള സ്വകാര്യ വ്യക്തിമാത്രമാണ് . അതിനൊരു ചരിത്രത്തോടൊ കച്ചവടത്തോടോ യാതൊരു പ്രതിപദ്ധതയും ഇല്ലെന്നു കൂടി അറിയിച്ചു കൊള്ളുന്നു. ഞാൻ ശ്വസിക്കുന്നതും വിസർജ്ജിക്കുന്നതും കലയാണെന്നും അത് ഈ കാലത്തിന്റെ നേര്കാഴ്ച്ചയാണെന്നും മറ്റുമുള്ള ഭീകരവാതത്തിലും ഈ വ്യക്തിക്ക് വിശ്വാസമില്ല. കൂടാതെ കാഴ്ചക്കാരന് വേണ്ടി ഇന്നേവരെ ഒരു കലയും നടത്തിയിട്ടില്ല എന്ന് കൂടി അറിയിച്ചുകൊള്ളട്ടെ. അതുകൊണ്ട് മറ്റു തൊഴിലുകൾ ചെയ്ത കാശുകൊണ്ട് സമാധാനമായി എനിക്ക് തോന്നിയത് അപ്പപ്പോൾ ചെയ്തു ജീവിക്കുന്നു. കല അതിന്റെ ഭാഷയായിപ്പോയതുകൊണ്ട് അത് കലയാണെന്ന് ധൈര്യപൂർവം ഉറച്ചു പറയുകയും ചെയ്യുന്നു. )
എന്താണ് കല
എന്തിനാണ് കല
ആരുടെതാണ് കല
ആർക്കു വേണ്ടിയാണ് കല
എങ്ങിനെയാകണം കല
എവിടെ ആയിരിക്കണം കല
എന്നീ അഴകൊഴാന്പൻ ഉത്തരാധുനിക പരാധീനതകളിൽ ജീവിച്ചു മരിക്കുന്ന ഒരു കല സാഹിത്യ സമൂഹത്തിൽ എനിക്ക് കല ഒരു നേരംപോക്ക് മാത്രമാണ് . മനസ്സ് മടുക്കുന്പോൾ മനസ്സുതുറക്കാൻ മനുഷ്യനാകാൻ സഹായിക്കുന്ന ഒരു കൈക്കരുത്ത്.
ഞാനൊരു ഒരു ഉത്തരാധുനീകന് വായിക്കാനുള്ള നോവലോ നാടകമോ സിനിമയോ അല്ലെങ്കിൽ സിദ്ധാന്തമൊന്നുമല്ല ചെയ്യുന്നത്.
ഒരു കാലഘട്ടത്തിൽ ജീവിച്ചു മരിക്കുന്ന ഒരു മനുഷ്യൻ അവനിൽ നിന്നും അന്ന്യം നിൽക്കാത്ത ജീവിതത്തിലെ ചില സംഭാഷണങ്ങൾ പകർത്തിയിടുന്നു. അത്രയൊക്കെയേ ഉള്ളൂ എനിക്ക് എന്റെ കല. അല്ലെങ്കിൽ അത്രയൊക്കെയേ ഉള്ളൂ എനിക്ക് ജീവിതം. അതിനെ അധികാരങ്ങളുടെ അടയാളങ്ങളാക്കാനൊന്നും ഞാനില്ല. എന്റെ കല വാങ്ങുന്ന കുറച്ചു പേരുണ്ട് അവരോട് ഞാനൊരിക്കൽ ചോദിച്ചിരുന്നു "നിങ്ങൾക്കൊന്നും വേറെ പണിയില്ലേ ഇതൊക്കെ ഇത്രയും പൈസ കൊടുത്തു വാങ്ങിക്കൂട്ടാനെന്ന് "
അതൊലൊരാൾ പറഞ്ഞ ഉത്തരം ഒരുപക്ഷെ എന്റെ മാത്രമല്ല എല്ലാ കലയെയും സംക്ഷിപ്തമായി നിർവചിക്കുന്നുണ്ട്
"ഞാൻ വാങ്ങുന്നതും ഞാൻ നൽകുന്നതും പണമല്ല. എന്നെ ഞാനാക്കുന്ന എന്നോട് ഞാൻ ചെയ്യുന്ന കടപ്പാടുകൾ മാത്രമാണവ. ഒരു പക്ഷെ അവയില്ലെങ്കിൽ ഞാനില്ല"
അന്ന് ഞാൻ കുടിച്ച കള്ളെല്ലാം അപ്പാടെ ഇറങ്ങിപ്പോയിരുന്നു. അതിനുശേഷം ഒരു രണ്ടു മൂന്ന് മണിക്കൂർ അയാളെയും നോക്കി ഞാൻ അന്തം വിട്ടിരുന്നിരുന്നു.
അതും പോരാഞ്ഞു പിന്നീടൊരുത്തരാധുനീകനെപ്പോലെ ചിന്തിച്ചിരുന്നു. ആരാണ് കലാകാരൻ?
No comments:
Post a Comment