ചെറുപ്പത്തിലേ കേട്ടുവരുന്നതാണ് "സ്വർഗം ആകാശത്തിലും, മനുഷ്യർ ഭൂമിയിലും, നരകം മണ്ണിലടിയിലുമാണെന്ന്". ഇരുണ്ട രാത്രികളിൽ ആകാശത്തിൽ തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിൽ പലപ്പോഴും ഞാൻ ആ കാലങ്ങളിൽ സ്വർഗത്തെ കാണാൻ നോക്കിയിരുന്നിട്ടുണ്ട്. അങ്ങിനെയാണ് ഞാനാദ്യമായി ഫിസിക്സിനെയും പ്രപഞ്ച ശാസ്ത്രത്തെയും സ്നേഹിക്കാൻ തുടങ്ങിയതും. അതിലേറ്റവും ഇഷ്ടപെട്ടത് ഹൈസെൻബെർഗിന്റെ അനിശ്ചിതത്തിന്റെ തത്വവും (uncertainty principle), മാക്സ് ബോർണിന്റെ അനിശ്ചിതത്തിന്റെ തത്വവും (ഇൻഡിറ്റർമിനിറ്റി) യും ആണ്. ഈ രണ്ടു തത്വങ്ങളും അളവുകോലുകളെകുറിച്ചാണ് പറയുന്നത്.
അല്ലെങ്കിൽ നമ്മൾ പഠിച്ചു പരിചയിച്ച അളവുകോലുകളുടെ പരിമിതികളെക്കുറിച്ചാണ് പറയുന്നത്. നമുക്കറിയുന്നവരെയെല്ലാം ഒരേ അളവുകോല് കൊണ്ടളന്നാൽ എല്ലാവരും അപാകതയുള്ളവരാകുന്നതുപോലെ, പ്രപഞ്ചത്തിലെല്ലാം ഒരേ അളവുകോലുകൊണ്ടളന്നാൽ റീഡിങ് തെറ്റും എന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ രണ്ടു തത്വങ്ങളും. പ്രശ്നം അളവിനെയും അളവുകോലിനെക്കുറിച്ചുമുള്ള നമ്മുടെ വീക്ഷണ കോണിന്റെതാണെന്നു (പെർസ്പെക്റ്റീവ്) പ്രഖ്യാപിച്ച ഈ തത്വങ്ങൾ, പ്രഖ്യാപിച്ചു നൂറിലധികം വര്ഷങ്ങൾക്ക് ശേഷവും ഇന്നും അധികമൊന്നും ചോദ്യം ചെയ്യപ്പെടാതെ നിലനിൽക്കുന്നുണ്ട്. കൂടാതെ വീക്ഷണകോണുകൾ (perspectives) മാറ്റിയാൽ പ്രപഞ്ചം തന്നെ മാറിമറയുമെന്ന സത്യവും അല്ലെങ്കിൽ വീക്ഷണകോണുകളാണ് പ്രപഞ്ചങ്ങൾ സൃഷ്ടിക്കുന്നതെന്ന യാഥാർഥ്യം ലോകം ഇന്ന് അംഗീകരിക്കുന്നു. 1911 ൽ വന്ന ക്വാണ്ട തിയറിയുടെ അരികുപിടിച്ചു വന്ന മോഡേൺ ആര്ട്ട് ആണ് ശാസ്ത്രത്തേക്കാൾ ഈ തത്വത്തെ ഏറ്റവും തന്മയത്വത്തോടെ ലോകത്തവതരിപ്പിച്ചത്. ക്യൂബിസവും, സർ റീലിസവും, ദാദായിസവും തൊട്ടു തുടങ്ങി പോസ്റ്റ് ഹ്യൂമനിസത്തിലെത്തി നിൽക്കുന്ന കലയിലെ കലാകാരന്മാരാണ് പെർസ്പെക്റ്റീവ് ആണ് കലയെന്ന യാഥാർഥ്യം എന്ന് മാലോകരെ ഏറ്റവും ലളിതമായി പഠിപ്പിച്ചത്.

No comments:
Post a Comment